തിരുവനന്തപുരം: പാരഡിഗാന വിവാദത്തിൽ സിപിഎമ്മിനെതിരെ പരിഹാസവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ. പരാതിയുമായി പോകുന്നത് പാരഡിയേക്കാൾ വലിയ കോമഡിയാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.
സിപിഎം പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ എന്നും വിഷ്ണുനാഥ് ചോദിച്ചു.സിപിഎമ്മിന്റെ സ്ഥിതി ദയനീയമാണ്, സഹതാപം അർഹിക്കുന്നതാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വർണക്കൊള്ള ചർച്ചയായപ്പോഴാണ് പാരഡി പാട്ട് വന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിശാഗന്ധിയിൽ പ്രതിഷേധിക്കുക, നേരെ പോയി പാട്ടിനെതിരെ കേസ് കൊടുക്കുക. ഇത്തരം കോമഡിയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നതെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.